Monday, April 27, 2009

തൃശ്ശൂര്‍ പൂരം കൊടി കയറി [27-04-2009]

ഇന്ന് [27-04-09] തൃശൂര്‍ പൂരം കൊടി കയറി. കാലത്ത് പതിനൊന്ന് മണിക്ക്. ഞാനും കുട്ടന്‍ മേനോനും കൂടെയാണ് പോയത്. രണ്ടാളും ഫോട്ടോസ് എടുത്തു. നല്ല ചൂടായിരുന്നു. ആനകളുടെ കാല് പൊള്ളാതിരിക്കാന്‍ വെള്ളം തെളിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ആദ്യം തിരുവമ്പാടി അമ്പലത്തില്‍ പോയി. അവിടെ ഞങ്ങള്‍ ചെന്നതിന് ശേഷമാണ് കൊടി കയറിയത്. അവിടെ നിന്ന് നേരെ പാറമേക്കാവിലേക്ക് വിട്ടു. അവിടെ എത്തുന്നതിന് മുന്‍പ് കൊടി കയറ്റം നടന്നിരുന്നു.
റോഡില്‍ എന്തൊരു തിരക്ക്. ഞങ്ങള്‍ പാലസ് റോഡിലുള്ള സെന്റ് മേരീസ് കോളെജ് ജങ്ഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നടന്ന് പോയി. പൂരം ആയതിനാല്‍ പാര്‍ക്കിങ്ങ് സൌകര്യം എങ്ങും കണ്ടില്ലാ. അതിനാല്‍ വാഹനം ആയി പോകുന്നവര്‍ക്ക് ഗതി കേടാണ്.
പൂരത്തിന്ന് തലേ ദിവസം വരെ തേക്കിന്‍ കാട്ടില്‍ പാര്‍ക്കിങ്ങ് സൌകര്യം ഏര്‍പ്പെടുത്താവുന്നതാണ്. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് ആര്‍ക്കും ഒരു വേവലാതിയും ഇല്ല. ഇന്നെത്തെ കൊടി കയറ്റം കാണാന്‍ എത്തിയവരുടെ നാലു ചക്രവാഹനങ്ങള്‍ ഇടാന്‍ ഒരിടം കാ‍ണാതെ പലരും കൊടി കയറ്റം കാണാതെ പോയി.
ഞങ്ങള്‍ക്ക് ഇത് അറിയാകുന്നതിനാല്‍ ഞങ്ങള്‍ നാലു ചക്രം പടിഞ്ഞാറെ കോട്ടയില്‍ ഇട്ടിട്ട് ഒരു രണ്ട് ചക്രം സംഘടിപ്പിച്ച് അതില്‍ സവാരി ചെയ്തു. അതിനാല്‍ തിരുവമ്പാടിയിലും, പാറമേക്കാവിലും പോയി.
വെയില് കൊണ്ട് ഞാനാകെ വാടി. ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഗ്രാമമായ ചെറുവത്താനി [കുന്നംകുളം] യില്‍ അവിടെ ഒരു പൂരം കണ്ട്, അവിടെ തറവാട്ടില്‍ രണ്ട് ദിവസം താമസിച്ചിട്ട് ആണ് തൃശ്ശൂരെത്തിയത്.
എന്നെ കാത്ത് കുട്ടന്‍ മേനോന്‍ [ബ്ലോഗര്‍] അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

അങ്ങിനെ കൊടി കയറ്റം കഴിഞ്ഞ് ഞാന്‍ കൊക്കാലയിലുള്ള എന്റെ വസതിയിലേക്കും കുട്ടന്‍ മേനോന്‍ പാവറട്ടിയിലേക്കും നീങ്ങി.
എന്നെ പടിഞ്ഞാറെ കോട്ടയില്‍ വിട്ടു. ഞാനെന്റെ ശകടം അവിടെ നിന്നെടുത്ത് നേരെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ പോയി ബിരിയാണി കഴിച്ച് വീട്ടിലെത്തി. ഞാന്‍ ഇന്ന് ഈ നേരത്ത് വീട്ടിലെത്തുന്ന കാര്യം ബീനാമ്മക്കറിയാത്ത കാരണമാണ് ഉച്ച ഭക്ഷണം ഹോട്ടലില്‍ നിന്നാക്കിയത്. പിന്നെ പാറമേക്കാവിലെ മേളം കണ്ട് വിയര്‍ത്ത് കുളിച്ച ഞാന്‍ മെര്‍ളിന്‍ ഹോട്ടലില്‍ നിന്ന് ഒരു തണുത്ത ഫോസ്റ്റര്‍ ബീര്‍ അകത്താക്കാന്‍ മറന്നില്ല. അപ്പോ ബിരിയാണി കഴിക്കാന്‍ ഒരു സുഖം വേറെയാ. പിന്നെ പേള്‍ റീജന്‍സിയിലെ ബിരിയാണി ഒരാള്‍ക്ക് കഴിക്കാവുന്നതിനേക്കാളും കൂടുതലുണ്ട്.
എനിക്കവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണ്. എന്റെ മകളുടെ വിവാഹ നിശ്ചയം പണ്ട് ആ ഹോട്ടലിലായിരുന്നു. കൂടാതെ ഈ ഹോട്ടലിന്റെ മേനേജര്‍ സുരേഷ് എന്റെ ഒരു സുഹൃത്ത് കൂടിയാണ്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിന്റെ മിക്ക മീറ്റിങ്ങുകളും ഇവിടെയാണ്. നല്ല ഹോമ്ലി അന്ത്:രീക്ഷമാണവിടെ. പോരാത്തതിന് നല്ല വൃത്തിയും വെടിപ്പും. സ്റ്റാഫ് വളരെ നല്ലവര്‍. ഉടമസ്ഥന്‍ സുബൈറും എന്റ് അടുത്ത സുഹൃത്ത് തന്നെ.
അങ്ങിനെ അവിടെ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി നന്നായി ഒന്ന് ഉറങ്ങി.
ഇനി നാളെ മുതലുള്ള പൂര വിശേഷങ്ങള്‍ ഈ പേജില്‍ തന്നെ കാണാം.






Posted by Picasa

Monday, April 20, 2009

തൃശ്ശൂര്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത

തൃശ്ശൂര്‍ക്കാര്‍ക്ക് പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നമ്മുടെ നാട്ടില്‍ ഒരു കണ്ണാശുപത്രി. അതും വളരെ മോഡേണ്‍.
ഞാന്‍ ഇന്ന് വൈകിട്ട് നടക്കാനിറങ്ങുമ്പോഴാണ് ഈ സ്ഥാപനം എന്റെ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഉള്ളില്‍ കയറി ഡോക്ടര്‍. ജ്യോതി അനൂപുമായി സൌഹൃദം പങ്കിട്ടു. എന്റെ ചില നേത്ര രോഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. അപ്പോഴാണ് അവിടുത്തെ നൂതന ചികിത്സകളെപറ്റി അറിയാന്‍ കഴിഞ്ഞത്.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.

Sunday, April 19, 2009

എനിക്ക് കൊറച്ച് പൊന്ന് വാങ്ങിതര്വോ ?

ഇയ്യെന്താ ചെറിയ കുട്ടിയാണൊ ബീനാമ്മെ പൊന്ന് വാങ്ങിത്തരാനും, അതിട്ടോണ്ട് നടക്കാനും.
“ന്റെ ഒരു മോഹല്ലേ..... നിക്കതിന് അത്ര പ്രായമൊന്നുമായിട്ടില്ല...പിന്നെ അക്ഷയതൃതീയല്ലേ ചേട്ടാ വരണത്“
“ആ ദിവസം പൊന്ന് വാങ്ങിയാല് ഐശ്വര്യം ഉണ്ടാവൂത്രെ............”
“ഇപ്പൊ ഉള്ള ഐശ്വര്യം ഒക്കെ മതീ ന്റെ ബീനാമ്മേ........... പിന്നെ പൊന്നിനൊക്കെ ഇപ്പോ വലിയ വിലയല്ലേ. പൊന്നിന്റെ അടുത്തൂടെ പോകാന്‍ പറ്റില്ല...”
“ങ്ങ്ക്ക് അല്ലേലും ന്നോട് ഒരു സ്നേഹൂല്ല ഇപ്പള്............നിക്കറിയാം ങ്ങളെടെ മനസ്സിലിപ്പളന്തെണാണെന്ന്.... ങ്ങള്ടെ ഇപ്പോളെത്തെ ഇടക്കിടക്കുള്ള ഒരു നാട്ടീ പൊക്കും.... അവിടെ ഓരൊരുത്തരുടെ കൂടെയുള്ള കിന്നാരം പറച്ചിലും..........”
“അതിനെന്താടീ നിനക്ക് ഇത്ര കൊയപ്പം.. ഞാന്‍ അന്നേം കൂടി വിളിച്ചതല്ലേ.. ഇയ്യ് വരാണ്ടായപ്പൊ ഞാന്‍ അവിടെയും ഇവിടെയും വായീ നോക്കാന്‍ പോണതിന്ന് അണക്കെന്താടീ ഇത്ര രോമാഞ്ചം.....”
“ങ്ങള്ക്ക് പ്പോ ഇഷ്ടം ചെറിയ പെണ്‍പിള്ളാരോടാണല്ലോ.................?
“അങ്ങിനെന്ന് അന്നാടാരാ പറഞ്ഞേ...... ന്റെ ബീനാമ്മേ................”
“ഹൂം......ഹൂം........... ഞാനൊക്കെ അറിഞ്ഞു................”
“ഇയ്യെന്താടീ അറിഞ്ഞേ........ ആരാ നിന്നോടിതൊക്കെ പറഞ്ഞേ.............?
“ഞാനൊന്നും പറയൂലാ.................. നിക്ക് പൊന്ന് വാങ്ങിത്തന്നാ പറയാം..........
“നിക്കങ്ങനെ വല്ലോരുക്കും പൊന്ന് വാങ്ങിക്കൊടുത്ത് ഈ പരദൂശണം ഒന്നും കേക്കണ്ട്..........
ഇയ്യ് വേഗം ചോറ് വിളമ്പ്....... ഞായറാഴ്ചയല്ലേ ഇന്ന്... ഞാന്‍ കുശാലായി ഒന്ന് ഉറങ്ങട്ടെ. കൊറേ നാളായി ഉച്ചക്ക് മുറ്റത്ത് കിടന്നുറങ്ങിയിട്ട്..........
ഇതെന്താ അന്റെ പറങ്കിമാവില് കൊറെ പറങ്കിമാങ്ങയുണ്ടല്ലോ...........
“പറങ്കിമാങ്ങയോ......... അതെന്താണ് സാധനം.........?
“അപ്പൊ അണക്ക് കണ്ണും കാണാണ്ടായോ ന്റെ വീവാത്തൂ.............
“പിന്നെ ഞാന്‍ ഒരു കാര്യം പറേണ് ട്ടോ............ ന്നെ വീവാത്തുന്ന് വിളിക്കരുതെന്ന് ഞാന്‍ എത്ര പ്രാവശ്യം ങ്ങളോട് പറഞ്ഞിട്ടുണ്ട് മനുഷ്യാ........... നിക്ക് ന്റെ തന്തേം തള്ളേം നല്ലൊരു പേര് ഇട്ടിട്ടുണ്ട്. ങ്ങള് ഇപ്പോ അതിന്റെ കൂടേ മ്മേ എന്ന് ചേര്‍ത്തു, ന്നോട് ചോയ്ക്കാണ്ട്.. അത് ഞാനങ്ങ്ട്ട് സഹിച്ചു....... ഇനി അതുമിതും വിളിച്ചാലുണ്ട ല്ലോ ന്റെ സ്വഭാവം മാറും........”
“നീ എന്തോ ചെയ്യും...................?
“നീ വിളിച്ച് നോക്ക്.................?
വയസ്സാകുമ്പോ മനുഷ്യന്റെ ഓരോ സോക്കേടെ... രണ്ട് പണത്തൂക്കം പൊന്ന് മേടിച്ച് തരുമോ എന്ന് ചോദിച്ചതിനാ ഈ അങ്കം. വല്ല വഴീ നടക്കണ പെണ്ണുങ്ങള്‍ക്ക് പൊന്നും, വളേം, പൊട്ടും ഒക്കെ മേടിച്ച് കൊടുക്കാം. അവനവന്റെ പെണ്ണുങ്ങള്‍ക്ക് ഒന്നുമില്ല.. ഇതെവിടുത്തെ ഞായമാണ്..........
“ഇയ്യല്ലേ പറഞ്ഞ് നിക്ക് ന്റെ പിള്ളാരുണ്ട്. അവര് അത് തരും, ഇത് തരൂന്നൊക്കെ.......അപ്പോ അവറ്റകളോട് ചോദിച്ച് കൂടെ പൊന്ന് വാങ്ങിത്തരാന്‍........
“എനിക്ക് ങ്ങള്ടെ പൊന്ന് വേണ്ട... കാര്യം കഴിഞ്ഞില്ലേ.............
“അല്ലാ ബീനാമ്മേ......... ഞാനൊരു കാര്യം ചോദിക്കട്ടെ... ഞാന്‍ അന്നെ കെട്ടിക്കൊണ്ട് വരുമ്പോ അന്റെ കഴുത്തില് കൊറോ പൊന്നുണ്ടായിരുന്നില്ലെ. ഇയ്യ അതൊക്കെ ഓരൊ ആണുങ്ങള്ക്ക് ഊരിക്കൊടുത്തില്ലേ.............
“ന്റെ അമ്മേ............. എന്താ മനുഷ്യാ ഈ വിളിച്ച് കൂവുണത്.. അയലത്തെ വിട്ടുകാരൊക്കെ കേക്കുമല്ലോ............
“അപ്പോ ആ പൊന്നൊക്കെ എവിടെ പോയെടീ..............
“അതൊക്കെ കൊറെ നമ്മള് പറമ്പ് വേടിക്കുമ്പോ എടുത്തില്ലേ...............?
“പറമ്പ് വേടിച്ചതൊക്കെ ഞാന്‍ പേര്‍ഷ്യേന്ന് ഉണ്ടാക്കിയ പണം കൊണ്ടാ........ അല്ലാതെ അന്റെ പൊന്ന് വിറ്റിട്ടല്ല...... ഇത്രോം മാത്രം പൊന്നുണ്ടായിരുന്നെങ്കിലെന്തിനാ പിന്നെ ഞാന്‍ ഈ പേര്‍ഷ്യേല് പോയത്..........
“ഞാന്‍ അങ്ങിനെയല്ല പറഞ്ഞത്................
“പിന്നെയെങ്ങിനാടീ..................?
“ഞാന്‍ പറഞ്ഞ് തരാം.......... ഞാന്‍ ചോറ് വിളമ്പാം...........”
“നിക്ക് ഇപ്പോ അന്റെ ചോറ് വേണ്ട...............”
++
“ദാ ഇപ്പൊ തമാശ.................. ചോറെന്ത് പിഴച്ചു............ ങ്ങള് ചോറുണ്ടിട്ട് നന്നായി ഉറങ്ങിക്കോ... മുറ്റത്തോ പറമ്പിലോ എവിടെങ്കിലും......... നി പ്പോ അതുമിതും പറഞ്ഞ വക്കാണമടിക്കണ്ട്... നിക്ക് പൊന്ന് വേണ്ട................
“നൂറ് പവന്റെ പൊന്നും പുടവയുമണീച്ചാണ് ന്നെ ന്റെ അച്ചന്‍ ഇവര്‍ക്ക് കെട്ടിച്ച് കൊടുത്തത്.......... അതൊക്കെ എന്ത് ചെയ്തുവെന്ന് ചോദിച്ചാ ഞാനിപ്പ എന്താ പറയാ.. ഓല്ക്കും ഒക്കെ അറീണതല്ലേ കാര്യങ്ങള്.... പണ്ട് ഞങ്ങള് പേര്‍ഷ്യേല് താമസിക്കുമ്പോ നിക്ക് ഇടക്കിടക്ക് വളയും മാലയുമൊക്കെ വാങ്ങിത്തരാറുണ്ട്.സിങ്കപ്പൂരും, മലയേഷ്യയിലും, ലോകത്ത് എവിടെ പോയാലും ന്നെ കൊണ്ടാവാറുണ്ട്. അതൊന്നും ഞാന്‍ ഇല്ലാ എന്ന് പറേണില്ലാ.
അതൊക്കെ ഓരോ കാലം.. ഇപ്പോ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം...
മോള്‍ടെ കല്യാണം കഴിഞ്ഞു. ന്റെ പൊന്ന് ഞാന്‍ കൊറേ അവള്‍ക്ക് കൊടുത്തു. പക്ഷെ ഞാനതൊക്കെ ഇങ്ങേരോട് പറഞ്ഞുവെന്നാ തോന്നണ്.. നിക്കൊന്നും ഓര്‍മ്മയില്ലാ....
നിപ്പോ എനിക്ക് പൊന്ന് വേണമെന്ന് ഞാന്‍ ന്റെ ആണൊരുത്തനെ എന്തിനാ വേദനിപ്പിക്കണ്. പോയാ ഒരു വാ‍ക്ക്... പക്ഷെ കിട്ട്യേങ്കിലോ......... എന്ന് വിചാരിച്ച് ചോദിച്ചതാ...........
കണ്ടില്ലേ ഇപ്പോ ഓര് ചോറുണ്ണുണ്ണാണ്ട് മുറ്റത്ത് കിടന്നുറങ്ങുന്നത്. അതിന്ന് പായീം വേണ്ട തലോണേം വേണ്ട്. എവിടെയും കിടന്നുറങ്ങും.. നി രണ്ട് ദിവസം ആ‍ഹാരം കഴിച്ചില്ലെങ്കിലും ++ അരോടും പരിഭവമില്ലാ...
പതിനൊന്ന് മണിക്കെന്നെ വെശക്കുണൂ വെശക്കുണൂന്ന് പറഞ്ഞ് പിന്നാലെ കൂടിയതായിരുന്നു. ന്നിട്ട് ഇപ്പോ അന്നം കഴിക്കാതെ കെടക്ക ണ് കണ്ട് ന്റെ ചങ്ക് പൊട്ടുണു എന്റെ പരദേവതകളേ.........
ഓര്ക്ക് ദ്വേഷ്യം വന്നാലിങ്ങനാ........ നി നാല് ദിവസം ന്നോട് മിണ്ടില്ല... ന്റെ ഓരൊ കാലദോഷം തന്നെ.. ഞാനെന്തിനാ ആ പാവത്തിനെ ങ്ങനെ ഒരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കണ്...........
നിക്ക് മിണ്ടാനും പറയാനും ഓര് മാത്രമല്ലേ ഉള്ളൂ... അതൊന്നും ഓരെന്താ ഓര്‍ക്കാത്തത്. സംഗതി നാട്ടീ പൊകുമ്പോ ന്നെ വിളിക്കാറുണ്ട്.. പക്ഷെ നിക്ക് ഓരുടെ നാട്ടിലെ പെണ്ണുങ്ങളെ ഇഷ്ടോല്ല.. അതെന്നെ കാര്യം....
കോറൊ പെണ്ണുങ്ങളുണ്ടവിടെ........ ഉണ്ണ്യേട്ടാ എന്നൊരു വിളിയും കൊഞ്ചിക്കുഴയലും.......
എന്താ ഈ ഉണ്ണ്യേട്ടനെ ഇത്ര കാണാനുള്ളത്..... അവര്‍ക്കും ആണുങ്ങളും പിള്ളേരുമൊക്കെ ഉള്ളതല്ലേ...........
“ചേട്ടാ വന്ന് ചോറ് തിന്ന്.......... നിക്ക് വെശക്ക് ണ്....... ഞാനും കാലത്ത് ഒരു കാപ്പി കുടിച്ചതാ.............”
“കാലത്ത് എത്ര നല്ല അന്ത്:രീക്ഷാര്‍ന്നു ഈ വീട്ടിലെ..........ല്ലാം ഞാന്‍ തന്നെയാ നശിപ്പിച്ചേ..........”
ബീനാമ്മ കരഞ്ഞും കൊണ്ട് കോലായിലിരുന്നു........ ന്റെ അമ്മേ നിക്കാരും ഇല്ലാണ്ടായില്ലേ........പിള്ളേരാണെങ്കില് ഓരൊ വഴിക്ക്.......... പിള്ളാരുടെ തന്തയാണെങ്കില് ങ്ങനെ... ഒന്നും മിണ്ടാണ്ടും പറയാണ്ടും ങ്ങനാ ജീവിക്കാ.........
“ഞാന്‍ പറേണതൊക്കെ തമാശയായിട്ടെടുത്തുകൂടെ എന്റെ കെട്ട്യോന്............
ക്ണ്ടില്ലേ ഒന്നും കഴിക്കാണ്ട് കെടന്നുറങ്ങണ് ത്....... നിക്കിത് സഹിക്കാന്‍ വയ്യേ..........
ബീനാമ്മയുടെ കരച്ചിലും തേങ്ങലും കേട്ട് മുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഉണ്ണി എണീറ്റ് വന്നു.....
“എന്തിനാടീ ഇയ്യ് ഇങ്ങനെ നെലോളിക്കണത്........ അന്റെ തന്ത മയ്യത്തായോ......... അല്ലെങ്കീ ഈ ഞാന്‍ മയ്യത്തായോ..........?
‘ങ്ങള് വന്ന് ചോറുണ്ണ് ന്റെ ചേട്ടാ.......... ഞാന്‍ ചെമ്മീന്‍ കറിയും... അവിയലും............ പിന്നെ ങ്ങള്ക്ക് ഇഷ്ടപ്പെട്ട മാങ്ങാ പുളിശ്ശേരിയും എല്ലാം ഉണ്ടാക്കീട്ടുണ്ട്.. വേഗം വന്ന് കഴിക്ക്............
നിക്ക് പൊന്ന് വേണ്ട ബീനാമ്മ ഗദ്ഗദത്തോടെ.............
നിക്കൊന്നും വേണ്ട്... ങ്ങ് ള് ന്നോട് മിണ്ടാതെ ഇരിക്കരുത്... നിക്കത് സഹിക്കില്ലാ...
നിക്കാരും ഇല്ലല്ലോ...... ബീനാമ്മ പിന്നെയും കരയാന്‍ തുടങ്ങീ.........
“ശരി ഞാന്‍ നെനക്ക് പൊന്ന് മേടിച്ച് തരാം...... “
“ന്നാ ഒരു പണത്തൂക്കം മതി...........”
“ബീനാമ്മയുടെ സങ്കടം കണ്ട് ഉണ്ണിയുടെ തൊണ്ടയിടറി............”
“ഉണ്ണി ചോറ് വാരിത്തിന്ന് ബീനാമ്മയൊത്ത് കോലായില്‍ കിടന്ന് മയങ്ങി..........’
--------- ഇവിടെ അവസാനിക്കുന്നു. ------------



Monday, April 13, 2009

ഇന്ന് വിഷു ഏപ്രില്‍ പതിനാല് രണ്ടായിരത്തി ഒന്‍പത്

ഇന്ന് വിഷു. കാലത്ത് പതിവിലും വൈകി എഴുന്നേറ്റു. തലേദിവസം വൈകി കിടന്നതിനാലും ചുമക്കുള്ള മരുന്നിന്റെ തീഷ്ണതയാലും ആയിരുന്നു വിഷുദിനം ആയിട്ടും എനിക്ക് നേരത്തെ കുളിച്ചൊരുങ്ങാന്‍ പറ്റാതെ വന്നത്.


പിന്നെ വീട്ടുകാരിയും മകനും എന്നെ വിളിക്കാനും മറന്നു. ഇനി അവരും വൈകിയിട്ടാണോ എഴുന്നേറ്റതെന്നും അറിയില്ല.
കാര്യങ്ങള്‍ അങ്ങിനെ പോയി.
വൈകിയാണെങ്കിലും ആദ്യം അച്ചന്‍ തേവരെ പോയി വണങ്ങി. അവിടെന്‍ നിന്നാണല്ലോ എന്തിനും ഒരു തുടക്കം. അവിടെ വെച്ചിരുന്ന വിഷുക്കണി തൊഴുതു. മേല്‍ ശാന്തിയുടെ അഭാവം കണ്ടു. ഇന്നെത്തെ കാലത്ത് അമ്പലത്തില്‍ ശാന്തി ചെയ്യുന്ന നമ്പൂതിരിമാര്‍ പലരും കുലത്തൊഴില്‍ ചെയ്യാതെ ഐടി മേഖലയിലും മറ്റുമായി കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറി. അതിനാല്‍ പല അമ്പലങ്ങളിലും ഇപ്പോള്‍ തന്ത്രവിദ്യ അഭ്യസിച്ച അബ്രാഹ്മണരെ ജോലിക്കെടുത്തു തുടങ്ങി.
അച്ചന്‍ തേവര്‍ അമ്പലത്തില്‍ ഇത് വരെ അബ്രാഹ്മണന്മാരെ എടുക്കാന്‍ പറ്റിയില്ല. കാരണം അവിടുത്തെ ഒരു പക്ഷം എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല.
ഭഗവാന് അന്തിത്തിരി കൊളുത്തിയില്ലെങ്കിലും, നൈവേദ്യം കൊടുത്തില്ലെങ്കിലും അവര്‍ക്ക് ഒരു വേവലാതിയുമില്ല. എനിക്ക് ആള്‍ ബലം ഇല്ലാത്തതിനാല്‍ ഞാന്‍ അബ്രാഫ്മണരെ ഇത് വരെ വെച്ചില്ല.
ക്ഷേത്രം തന്ത്രിക്കോ, ഉടമസ്ഥരായ വിശ്വ ഹിന്ദു പരിഷത്തിനോ താല്പര്യക്കുറവില്ല ബ്രാഫ്മണരല്ലാത്തവരെ വെക്കാന്‍. അമ്പലം നടത്തിപ്പുകാരാണ് പാരയായി നില്‍ക്കുന്നത്.
സര്‍വ്വേശ്വരന്‍ അത്തരക്കാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ എന്നേ എനിക്ക് പറയുവാനുള്ളൂ...
വിഷുക്കണിക്ക് വെച്ചിരുന്ന ചക്ക എന്നോട് കൊണ്ട് പോയിക്കൊള്ളാന്‍ സുകുമാരേട്ടന്‍ പറഞ്ഞു. എന്റെ പ്രിയ പന്തി ബീനാജീക്ക് ചക്ക ഇഷ്ടമുള്ളതാണെന്ന് അദ്ദേഹത്തിന്നറിയാം. അമ്പലം അടക്കുവാനുള്ള ഒരുക്കങ്ങളായതിനാല്‍ ഞാന്‍ ചക്ക എടുത്ത് എന്റെ കാറില്‍ വെച്ചു. അമ്പത് രൂപ ക്ഷേത്രം കൌണ്ടറില്‍ ദ്രവ്യത്തിന്റെ വകയായി സമര്‍പ്പിച്ചു.
ആദ്യം ആ ചക്ക ബിനാജിക്ക് സമര്‍പ്പിച്ച ശേഷം പട്ടണം ചുറ്റാന്‍ പോയി. നേരെ പാറമേക്കാവ് ഭഗവതിയെ വണങ്ങി. ഏതായാലും വിഷുവായതിനാല്‍ ബ്ലോഗില്‍ എന്തെങ്കിലും എഴുതേണ്ടതിനാല്‍ അവിടെ നിന്ന് കുറച്ച് ഫോട്ടൊകള്‍ എടുത്തു.
വീട്ടില്‍ ഈ വര്‍ഷം വിഷുക്കട്ട ഉണ്ടാക്കിയില്ല. അതിനാല്‍ അതിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
തക്ക സമയത്ത് എന്റെ സഹപ്രവര്‍ത്തക സജിത ഫോണില്‍ വിളിച്ചു. വിഷു ആശംസകള്‍ അര്‍പ്പിക്കാന്‍. ഞാന്‍ സജിതയോട് വിഷുക്കട്ട ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എനിക്കൊരു ഫോട്ടൊ പിടിച്ച് വെക്കാന്‍ പറഞ്ഞിട്ടുണ്ട്.
എന്റെ വീട്ടില്‍ വിഷുത്തിരക്കുണ്ടോ എന്ന് ചോദിച്ചു. ഇവിടെ ഒരു തിരക്കും ഇല്ലാ എന്ന് പറഞ്ഞു ഞാന്‍. മകളുണ്ടെങ്കില്‍ എന്തെങ്കിലും ഒരു ഒച്ചപ്പാടുണ്ടാകും. മകന്‍ കാലത്ത് എഴുന്നേല്‍ക്കാന്‍ തന്നെ വൈകി ടിവിയുടെ മുന്നിലിരിക്കുന്നു.
എന്റെ മക്കള്‍ ഭാരതത്തിന് വെളിയില്‍ ജനിച്ച് വളരന്നതിനാല്‍ അവര്‍ക്ക് വിഷു, ഓണം, പൂരം, വേല, പെരുന്നാള്‍ എന്നിവയിലൊന്നും കമ്പമില്ലാ. ഇവിടെ എന്റെ ബീനാജിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നീങ്ങും. അവളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രിയം.
പണ്ട് എന്റെ ചേച്ചി മരിക്കുന്നതിന് മുന്‍പ് തറവാട്ടിലേക്ക് വിഷു, ഓണം മുതലായവ ഉണ്ണാന്‍ വിളിക്കുമായിരുന്നു. പക്ഷെ ബീനാമ്മയും എന്റെ ചേച്ചിയും തമ്മില്‍ സ്വരച്ചേറ്ച്ച ഇല്ലായിരുന്നതിനാല്‍ എനിക്കൊരിക്കലും മക്കളുമായി വിശേഷങ്ങള്‍ക്ക് തറവാട്ടില്‍ പോകാനായില്ല. അതിനാല്‍ അവളുടെ വീട്ടിലേക്കും ഞാന്‍ അവളെ കൊണ്ട് പോകാറില്ല.
എനിക്കിന്ന് എന്റെ തറവാടായ ചെറുവത്താനി, കുന്നംകുളത്ത് പോയി വിഷു സദ്യ ഉണ്ണണെന്നുണ്ടായിരുന്നു. പക്ഷെ ശ്രീമതിയും മകനും കൂടെ വരില്ലാ എന്നുള്ളതിനാല്‍ ഞാന്‍ പോയില്ല.
സിനിമാ നടനും, ടിവി അവതാരകനുമായ സഹോദരന്‍ വി കെ ശ്രീരാമന്‍ ചില സിനിമാ സുഹൃത്തുക്കളെ സാധാരണ വിഷുവിന് തറവാട്ടിലേക്ക് ക്ഷണിക്കാറുണ്ട്. അപ്പോള്‍ അവിടെ കാര്യങ്ങള്‍ അടിപൊളിയായിരിക്കും.
ഞാന്‍ ഈയിടെയായി തറവാട്ടില്‍ പോയി താമസിക്കാറുണ്ട്. അവിടെ എനിക്കിപ്പോള്‍ സ്വര്‍ഗ്ഗമാണ്. അയലത്തെ പെണ്കുട്ടികള്‍ കളിക്കാനുണ്ടാകും, പിന്നെ അമ്മാമന്റെ വീട്ടിലെ വാസ്ന്തി, സുധ, ശ്രീജ, മിനിക്കുട്ടി മുതലായവരും അവരുടെ മക്കളായ ചിന്നു, പൊന്നു, വിജി, വിവേക്, വൈശാഖ്, വാവുട്ടി എന്നിവരും എന്നെ കണ്ടാല്‍ കൂട്ടുകൂടാന്‍ വരും. ഞാന്‍ ചെറുപ്പത്തില്‍ ഒരു കുറുമ്പനായിരുന്നെന്ന് കാര്‍ത്ത്യായനി അമ്മായി അവരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
+
മൊത്തത്തില്‍ ഈ വയസ്സ് കാലത്ത് എന്റെ മനസ്സിനിണങ്ങുന്ന ഒരു അന്ത:രീക്ഷം ആണവിടെ. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തറവാട്ടില്‍ പാമ്പിനാളത്തിന് പോയ കഥ നിങ്ങള്‍ വായിച്ച് കാണുമല്ലോ?
ഞാന്‍ പറഞ്ഞ് വരുന്നത് സ്വഗൃഹത്തില്‍ വിഷുവിന്റെ ഒരു പ്രതീതി ഇല്ലാ. ഞാന്‍ കുറച്ച് മുന്‍പ് പറഞ്ഞല്ലോ എന്റെ സഹപ്രവര്‍ത്തക സജിത [max new york life insurance] അവിടെ ധാരാളം കുട്ടികളും കൂടി ആകെ ജഗപൊഗയാണ്. എനിക്ക് കുട്ടികളെ കൂടുതലിഷ്ടമായതിനാല്‍ ഞാന്‍ അങ്ങോട്ട് വരട്ടെയെന്ന് ചോദിച്ചപ്പോള്‍ സജിതക്ക് വളരെ സന്തോഷമായി.
അങ്ങിനെ സജിത എന്നെ വൈകിട്ട് അവരുടെ തറവാട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അപ്പോള്‍ വൈകിട്ടെത്തെ വിഷു സജിതയുടെ വീട്ടിലാകാമെന്ന് നിശ്ചയിച്ചിരിക്കുകയാണ്. പനമുക്കിലെ തറവാട്ടിലാണ് വിഷു ആഘോഷമെന്ന് പറഞ്ഞു.
പാറമേക്കാവില്‍ തൊഴുതു. കുറി വരച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ അവിടെ ദര്‍ശിച്ചു പരിചയപ്പെട്ടു. ചെമ്പൂക്കാവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍. മാരാര്‍ റോട്ടില്‍ ബട്ടന്‍സും മറ്റും തയ്ക്കുന്ന വലിയ ഷോപ്പാണെന്ന് പറഞ്ഞു. ഞന്‍ എന്നെ പരിചയപ്പെടുത്തി ഞങ്ങള്‍ പലതും പറഞ്ഞ് നില്‍ക്കുന്നതിന്നിടയില്‍ പ്രമീള എന്റെ മുന്നില്‍ കൂടി ഓടിപായുന്നത് കണ്ടു. ഞാന്‍ തിരക്കിന്നിടയില്‍ പ്രമീളയെ കണ്ടു കുശലം പറഞ്ഞു. അപ്പോള്‍ അവരുടെ മക്കളായ ശ്രീലക്ഷിമിയും, ശ്രീകേഷും വന്നെത്തി. അച്ചന്‍ വണ്ടി പാര്‍ക്കിങ്ങിന്റെ തിരക്കിലാണെന്നും പറഞ്ഞു.
പ്രമീള പറഞ്ഞു കുട്ടികള്‍ പാന്റിട്ടതിനാല്‍ അകത്തേക്ക് കടത്തില്ല. ഞാന്‍ കുട്ടികളെ നോക്കാമെന്ന് ഏറ്റു, പ്രമീളയോട് ഞാന്‍ തൊഴുത് വരാന്‍ പറഞ്ഞു.
അങ്ങിനെ കുശലം പറയുന്നതിന്നിടക്ക് രാജീവ് വന്നു. ഞാന്‍ അവരോട് പോയി വരാന്‍ പറഞ്ഞു. അങ്ങിനെ കുറച്ച് സമയം കുട്ടികളോടൊത്ത് അമ്പലത്തില്‍ കഴിഞ്ഞു കൂടി. ശ്രീലക്ഷിക്ക് ലളിതാസഹസ്രനാമത്തിന്റെ പുസ്തകം വിഷുകൈനീട്ടമായി അമ്പലനടക്കല്‍ വെച്ച് കൊടുത്തു.
++
ഇനി ഉച്ചയൂണിന്റെ സമയം അഡ്ജസ്റ്റ് ചെയ്ത് ബീനാമ്മയുടെ അടുത്തേക്കെത്തിയാല്‍ മതിയായല്ലോ എന്ന് മനസ്സില്‍ കരുതി നില്‍ക്കുമ്പോല്‍ അമ്പലത്തിനു മുന്നില്‍ നിന്ന് തൃശ്ശൂര്‍ പൂരം എക്സിബിഷന്റെ കൂറ്റന്‍ പ്രവേശനകവാടം കണ്ടു. അപ്പോള്‍ അങ്ങോട്ട് വിട്ടു.. റോട് മുറിച്ച് കടക്കാന്‍ പത്ത് മിനിട്ടില്‍ കൂടുതല്‍ നിന്നു. അവിടെ സബ് വേയുടെ നിര്‍മ്മാണമായതിനാല്‍ ആകെ ഗതാഗതക്കുരുക്കും ആണ്. എന്നെ പോലെയുള്ള വയസ്സന്മാരെ റോട് മുറിച്ച് കടക്കാന്‍ ഒരു പോലീസുകാരും സഹായത്തിന് കണ്ടില്ല. മരിക്കുകയാണെങ്കില്‍ വടക്കുന്നാഥന്റെ യും പാറമേക്കാവമ്മെയുടെയും തിരുനടയില്‍ വെച്ചാണല്ലോ എന്ന സമാധാനത്തോടെ കണ്ണടച്ചും കൊണ്ട് റോട് മറി കടന്നു.
പൂരം എക്സിബിഷന്‍ കവാടത്തിനെ ഫോട്ടൊ എടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍, പിന്നില്‍ നിന്നൊരു വിളി... ഉണ്ണ്യേട്ടാ.................
എന്നെ കുന്നംകുളത്തെ എന്റെ ഗ്രാമത്തിലെ ആളുകളേ അങ്ങിനെ വിളിക്കുകയുള്ളൂ.....
“ഉണ്ണ്യേട്ടന് എന്നെ മനസ്സിലായില്ലേ..................?
“ഞാന്‍ ജുമാന... ഇതെന്റെ ഇക്കാക്ക ബക്കറ്................ പിന്നെ മറ്റേ ആള്........ എന്റെ................ എന്റെ...............”
“നിക്ക് മനസ്സിലായി ജുമാനാ...............”
“അപ്പോ വാപ്പച്ചിയും ഉമ്മച്ചിയും ഒന്നുമില്ലേ കൂട്ടിന്...........”
“ഹൂം....... ഓര് അവിടെ രാഗം തിയേറ്ററിന്നടുത്ത് നിക്കാമെന്ന് പറഞ്ഞു. ഞങ്ങളോട് എക്സിബിഷന്‍ കണ്ട് വരാന്‍ പറഞ്ഞു.........”
ഈ കുട്ട്യോളോട് എന്താ ചോദിക്കേണ്ടതെന്നറിയാതെ ഞാന്‍ പരുങ്ങി. എനിക്കവരെ തീരെ മനസ്സിലായില്ല..........
“ഉണ്ണ്യേട്ടന്‍ ഒറ്റക്കാണോ.കൂടെ കുട്ട്യോളും ചേച്ചിയുമൊന്നുമില്ലേ.?
ആ ഞാന്‍ ഒറ്റക്കാ മക്കളേ........... ചേച്ചി വീട്ടിലുണ്ട്.........
ആ ചൂട്ടത്ത് നിന്ന് അധികം സംസാരിക്കാന്‍ ഞാന്‍ മിനക്കെട്ടില്ല. ഞാന്‍ കുട്ടികളെ എന്റെ വീട്ടിലലേക്ക് ക്ഷണിച്ചു. ജുമാനക്ക് വളരെ സന്തോഷമായെങ്കിലും, കൂടെയുള്ളവര്‍ക്ക് എക്സിബിഷന്‍ കാണാനുള്ള ത്രില്ലിലായിരുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് എന്റെ വിലാസം കൊടുത്ത് യാത്രയായി.
ഇനി വീണ്ടും റോട് മുറിച്ച് അപ്പുറത്ത് കടന്നാലല്ലേ എന്റെ കാറെടുക്കാന്‍ പറ്റുകയുള്ളൂ...
അതിനാല്‍ ഒരു കൂട്ടം ആവുന്നത് വരെ ഞാന്‍ ഒരിടത്ത് നിന്നു. അങ്ങിനെ കുറച്ച് പേരായുള്ളപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അപ്പുറത്തേക്കെത്തി.
വീണ്ടും പാറമേക്കാവമ്മയെ തൊഴുതു, വീട്ടിലേക്കുള്ള യാത്രയായി.
ഇന്ന് അമ്പലത്തിന്നുള്ളില്‍ കുറുപ്പാള്‍ മാഷെ കണ്ടില്ല. മാഷെ കണ്ടാല്‍ ഞാന്‍ കാല്‍ക്കല്‍ വീണ് നമസ്കരിക്കാറുണ്ടായിരുന്നു. എന്റെ നമസ്കാരം അമ്പലത്തിലെ ജീവനക്കാര്‍ക്കും ഭക്തര്‍ക്കും അതിശയമുളവാക്കിയിരുന്നു.
കുന്നംകുളം ബോയ്സ് ഹൈസ്കൂളിലെ കണക്ക് മാഷായിരുന്നു കുറുപ്പാള്‍ മാഷ്. മാഷുടെ ശിഷ്യരില്‍ ഏറ്റവും കുഴപ്പക്കാരനായിരുന്നത്രെ ഞാന്. പഠിക്കാന്‍ തീരെ അമാന്തം.. ഇന്റര്‍ വെല്‍ സമയത്ത് സിഗരറ്റ് വലി. ക്ലാസ്സില്‍ ഉഴപ്പ്, പഠിച്ചാലൊന്നും തലയില്‍ കയറില്ല.
മാഷുടെ അടുത്ത് നിന്ന് എനിക്ക് അടി കൊറച്ചൊന്നുമല്ലാ കിട്ട്യേക്കണ്.
“ഇങ്ങിനെ ഒരു മണ്ടനെ എനിക്ക് ശിഷ്യനായി കിട്ടിയല്ലോ എന്നോര്‍ത്ത് മാഷ് കരയാറുണ്ട്... അന്നത്തെ മാഷിന്റെ അടിയുടെ ചൂട് ഞാന്‍ മറന്നിട്ടില്ല. മാഷ്ക്ക് മടിയനായ എന്നെ പില്‍ക്കാലത്ത് വലിയ ഒരു വ്യവസായ സമുച്ചയത്തിന്റെ പരമോന്നത പദവിലെത്തിക്കാന്‍ കഴിഞ്ഞുവല്ലോ. ഞാന്‍ കണക്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. മെട്രിക്കുലേഷനും അവിടന്നങ്ങോട്ടുള്ള തുടര്‍വിദ്യാഭ്യാസത്തിനും കണക്കില്‍ ഉന്നത വിജയം നേടി.
ഞാന്‍ മാഷോട് എന്റെ വീരകഥകളൊക്കെ പറഞ്ഞപ്പോള്‍ മാഷുടെ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് എനിക്ക് ദര്‍ശിക്കാനായി....
ഞാന്‍ മാഷെ കാണാതെയുള്ള ദു:ഖത്തില്‍ പാറമേക്കാവ് അമ്പലത്തില്‍ നിന്ന് നേരെ വീട്ടിലേക്കുള്ള യാത്രക്ക് തയ്യാറായി....
വണ്ടി അവിടെ തന്നെ ഇട്ട് സ്വരാജ് റൌണ്ടില്‍ കൂടി, ഹൈ റോഡ്, ജയ് ഹിന്ദ് മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ റോട്, വഴി വീണ്ടും റൌണ്ടില്‍ പ്രവേശിച്ച്, കുറുപ്പം റോഡ് വഴി, ദിവാന്‍ ജി മൂലയിലെത്തി അവിടെ കുറച്ച് നേരം നിന്നു. എല്ലാ സ്ഥലത്തേയും വിഷു ചന്തകളും, മറ്റു വാണിഭങ്ങളും കണ്ട് അത്രയും വെയില്‍ കൊണ്ട് തികച്ചും ക്ഷീണിച്ചു.
ഇനി തിരികെ പാറമേക്കാവില്‍ പോയി വണ്ടി എടുക്കാന്‍ പറ്റില്ലെന്നതിനാല്‍ ഹോട്ടല്‍ മെര്‍ലിനിലോ ലുസിയയിലോ പോയി നല്ല തണുത്ത് ഫോസ്റ്റര്‍ ബീര്‍ രണ്ടെണ്ണം അകത്താക്കാം എന്ന് കരുതി.
പക്ഷെ ഇന്ന് വിഷുവാണെന്ന കാര്യം ഞാന്‍ പാടെ മറന്നു. അതിനാല്‍ ഒരു ഓട്ടോ പിടിച്ച് അമ്പലത്തില്‍ ഇറങ്ങി കാറെടുത്ത് തിരികെ വീട്ടിലെത്തി.
ബീനാമ്മയോടും ജയേഷിനോടുമൊത്ത് വിഷു സദ്യ കഴിച്ചു.. അങ്ങിനെ ഈ വര്‍ഷത്തെ വിഷു ആഘോഷിച്ചു.
ഇനി അടുത്ത വര്‍ഷം ആയുസ്സുണ്ടെങ്കില്‍ കാണാം....

++









Posted by Picasa

Tuesday, April 7, 2009

എന്നോട് പറയൂ


ഈ പ്രതിമയെപറ്റി പറയാമോ?
ഇതിന്റെ പിന്നില്‍ ഒരു സങ്കല്പമുണ്ട്. ചരിത്രം വിവരിക്കുന്നവര്‍ക്ക് ഒരു വിഡിയോ സിഡി [ഡിവോഷനല്‍ അല്‍ബം] നല്‍കുന്നു.
ഇത് എവിടെയാണ് കേരളത്തില്‍ സ്ഥാപിച്ചിരിക്കുന്നതും കൂടി പറയാമെങ്കില്‍ വേറെ ഒരു ഗിഫ്റ്റും ലഭിക്കുന്നതാണ്.
സ്നേഹത്തോടെ
ജെ പി

Sunday, April 5, 2009

പാമ്പിനാളം മൂന്നം ദിവസത്തിലേക്ക്

പാമ്പിനാളം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഞായറാഴ്ചയായതിനാല്‍ ഇന്ന് നാഗയക്ഷിക്കളം ആയിരുന്നു. പോരാത്തതിന് തറവാട്ടിലെ മിക്കവരും, നാട്ടുകാരും സന്നിഹിതായിരുന്നു.
ചെറുവത്താനി തേവരുടെ അമ്പലത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നെള്ളിച്ച്, ഏതാണ്ട് അമ്പത് താലങ്ങളും, ചെണ്ട മേളങ്ങളും ആയി തുള്ളാനുള്ള കന്യകമാരായ മിനി, ദസ്യ എന്നിവരായി ഏഴര മണിയോടെ തറവാട്ടിലേക്ക് വമ്പിച്ച ഘോഷയാത്രയായി പുറപ്പെട്ടു. വരുന്ന വഴിക്ക് തറവാടെത്തുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടി തുള്ളി വന്ന് ഘോഷയാത്രയില്‍ ചേര്‍ന്നു. പിന്നീട് കളത്തില്‍ മറ്റു പെണ്‍കുട്ടികളുടെ കൂടെ തുള്ളി.
തുള്ളലിന്റെ ഫോട്ടോ എടുത്തില്ല. സ്റ്റില്‍ ഫോട്ടൊസ് മൂവിങ്ങ എക് ഷനില്‍ കിട്ടാന്‍ പ്രയാസമാണ്.
സാഗര്‍ ജാക്കി എലിയാസ് എന്ന സിനിമയുടെ ഒരു ഛായാഗ്രഹണം നിര്‍വ്വഹിച്ച രെണു കല്ലായില്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ എടുത്ത നല്ല പടങ്ങള്‍ വാങ്ങണം.
പാമ്പിനാളം ചൊവ്വാഴ്ചയോട് കൂടിയേ അവസാനിക്കൂ. ബുധനാഴ്ച പകല്‍ കൂറ വലിക്കുന്ന ചടങ്ങോട് കൂടെ സമാപിക്കും.
എനിക്ക് ഇന്ന് വൈകുന്നേരമാകുമ്പോഴെക്കും മടങ്ങണം തൃശ്ശിവപേരൂര്‍ക്ക്.
അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ കമ്മറ്റി മീറ്റിങ്ങിന്റെ ദിവസമാണ്. ദാസേട്ടനോട് പറ്റുമെങ്കില്‍ ബുധനാഴ്ചയിലേക്ക് മാറ്റാന്‍ പറഞ്ഞിട്ടുണ്ട്.
എനിക്ക് കളം തീരുന്നതിന് മുന്‍പ് പോകാന്‍ തോന്നുന്നില്ല. ഇന്ന് വരില്ലേ എന്ന് ബീനാമ്മ ഫോണില്‍ കൂടെ ചോദിച്ചു.
അവള്‍ അവളുടെ ഗ്രാമത്തില്‍ ഒരു കല്യാണത്തിന് പോകുകയാണത്രെ. എനിക്ക് ഉച്ചക്കുള്ള ഭക്ഷണം വെച്ചിട്ടാണ് അവള്‍ പോയിരിക്കുന്നത്.
എനിക്ക് എന്റെ ഗ്രാമത്തിലെ ആളുകളെ കണ്ടിട്ട് മതിയാകുന്നില്ല. ബന്ധുക്കളും, വീട്ടുകാരും ഇവിടെയാണ്. കുട്ടികളുടെ വിദ്യാഭാസം കണക്കിലെടുത്താണ് പട്ടണത്തിലേക്ക് ചേക്കേറിയത്. അവരൊക്കെ സെറ്റില്‍ഡ് ആയി ഇപ്പോള്‍, അപ്പോള്‍ ഗ്രാമത്തിലേക്ക് മടങ്ങിക്കൂടെ എന്നൊരു ചോദ്യം അവശേഷിക്കുന്നു. പക്ഷെ എന്റെ കെട്ട്യോള്‍ക്ക് തൃശ്ശൂരാണത്രെ ഇഷ്ടം. അപ്പോള്‍ എന്നെ ആരു നോക്കും.
ഇവിടെ തറവാട്ടില്‍ എന്റെ സഹോദരനും, ഭാര്യ ഗീതയും, പിന്നെ ശുഭ എന്നൊരു സുന്ദരിക്കുട്ടിയും ഉണ്ട്. ശ്രീരാമന്റെ മകന്‍ കിട്ടന്‍ അടുത്ത നാള്‍ ദുബായിലേക്ക് പറക്കുകയാണ്. അവന്റെ പകരക്കാരനായ മോനു എന്ന ഒരു കുട്ടി ഇവിടെ ഗീതക്ക് കൂട്ടിനുണ്ടാകും. കിട്ടനെ പോലെത്തന്നെ എനിക്ക് സഹായിയായി എപ്പോഴും കൂടെ ഉണ്ട്. രാധയുടെ മകനാണ് മോനു.
വയ്യാത്ത എന്നെ പരിചരിക്കുവാന്‍ എല്ലാവരും ഉണ്ട് എന്റെ തറവാട്ടില്‍. എപ്പോഴും ഇവിടെ നിന്നാലും ശരിയാകുകയില്ല. എനിക്കൊരു പാട് പണികളുണ്ട് തൃശ്ശൂരിലും. അച്ചന്‍ തേവര്‍ അമ്പലത്തിലെ പ്രസിഡണ്ട് പദവി വളരെ ഉത്തരവദിത്വമുള്ളതാണ്.
തൃശ്ശൂര്‍ പൂരം കഴിഞ്ഞ് രണ്ടാം ദിവസം അവിടുത്തെ പ്രതിഷ്ഠാദിനമാണ്. അഴകത്ത് ശാസ്ത്രശര്‍മ്മന്‍ ആണ് തന്ത്രി. ഒരു പാട് ക്ഷേത്രങ്ങളിലെ തന്ത്രിയായതിനാലും, ഈ അമ്പലത്തിലെ വരുമാനം കുറഞ്ഞതിനാലും, അദ്ദേഹം പണ്ടത്തെപ്പോലെ പ്രതിഷ്ഠാദിന പരിപാടികളില്‍ വേണ്ടത്ര സാന്നിദ്ധ്യം രേഖപ്പെടുത്താറില്ല.
ചൊവ്വാഴ്ചത്തെ കളവും കൂടി എനിക്ക് കാണാനുള്ള യോഗം ഉണ്ടാക്കിത്തരട്ടെ എന്ന് നാഗയക്ഷിയോട് പ്രാര്‍ഥിക്കാം. എന്റെ കാലിലെ വാത രോഗം മാറ്റികിട്ടാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. നമുക്ക് മരുന്ന കഴിക്കാനല്ലേ പറ്റൂ. പിന്നെയുള്ളതെല്ലാം ഈശ്വരന്മാര്‍ സഹായിക്കേണ്ടെ.
മൂന്നു കൊല്ലം ആകാന്‍ പോകുന്നു. ഇപ്പോ കുറച്ച് നാളായി അസുംഖം കൂടുതലാ. പാമ്പിനാളത്തിന് വന്ന അന്നുമുതല്‍ മരുന്നുകള്‍ ഉപേക്ഷിച്ചു. നാഗദേവതകളോട് പ്രാര്‍ഥിച്ചു. അസുഖം അല്പ്ം കുറവുണ്ടോ എന്ന ഒരു തോന്നലുണ്ട് എനിക്ക്. ഇനി പട്ടണത്തില്‍ നിന്ന് ഗ്രാമീണ അന്ത:രീക്ഷത്തിലേക്ക് വന്നതിനാലാണോ എന്നറിയില്ല. ഇവിടെ ചെരിപ്പ് ഇടാതെ പറമ്പിലൂടെയെല്ലാം നടക്കാമല്ലോ. പട്ടണത്തിലാകുമ്പോല്‍ കാല്‍ സ്രായിയും, ഷൂസും, പോരാത്തരിന് വലിയ ചൂടും ആണ്.
ഗ്രാമത്തില്‍ എന്നെ കഷ്ടപ്പെടുത്തുന്ന ഏക വസ്തുത എനിക്ക് മൂന്ന് നേരവും നല്ലോണം കുളിച്ച നീരാടാന്‍ പറ്റുന്നില്ല. നല്ല വെള്ളത്തിന് ക്ഷാമം.
കല്ലായില്‍ രാമകൃഷ്ണന്‍ എന്ന സഹൃദയന്റെ പറമ്പില്‍ നിന്ന് നല്ല വെള്ളം കുടിക്കാനും, കുളിക്കാനും ഞങ്ങളുടെ തറവാ‍ട്ടില്‍ എത്തുന്നു. അതും കൂടി ഇല്ലെങ്കില്‍ എനിക്ക് വല്ലപ്പോഴും തറവാട്ടില്‍ വന്ന് നില്‍ക്കുവാനുള്ള സ്വപ്നം സാക്ഷാത്കരിക്കില്ലായിരുന്നു.
രാമകൃഷ്ണനെ തറവാട്ടിലെ കാരണവന്മാരും, നാഗദേവതകളും കടാക്ഷിക്കട്ടെ. കൂടുതല്‍ കൂടുതല്‍ ധനം കൊടുക്കട്ടെ.
[തുടരാം വഴിയെ]

Friday, April 3, 2009

പാമ്പിനാളം [ പാമ്പിന്‍ കളം]

ഞാന്‍ ഇന്നെലെ [03-04-2009] എന്റെ അമ്മയുടെ തറവാടായ കല്ലായില്‍ വീട്ടിലെ പാമ്പിനാളം [പാമ്പിന്‍ കളം] കാണാന്‍ പോയി. എന്റെ ചെറുപ്പകാലത്താണ് [12 വയസ്സില്‍] ഞാന്‍ അവസാനം പാമ്പിന്‍ കളം കണ്ടത്.
അത് എന്റെ അച്ചന്റെ തറവാടായ വെട്ടിയാട്ടില്‍ വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ കൂട്ടുംകുടുംബം ആയിരുന്നു. അന്ന് കളത്തില്‍ തുള്ളാനിരുന്ന കന്യകമാരുടെ കൂടെ എന്റെ ചെറിയമ്മക്കും കലു വന്ന് തുള്ളിത്തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.
സര്‍പ്പ് പ്രീതിക്കാണ് പാമ്പിനാളം കഴിക്കുന്നത്. പഴയ തറവാട്ടിലെല്ലം പാമ്പിന്‍ കാവും, അമ്പലവും ഉണ്ട്. എന്റെ അമ്മയുടെ തറവാട്ടില്‍ ആ പൈതൃകം കാത്ത് സൂക്ഷിക്കുന്നു.
എറ്റ്നെ തറവാട്ടിലാകട്ടെ ഇപ്പോഴത്തെ തലമുറയില്‍ പെട്ട എന്റെ പാപ്പന്റെ മകന്‍ പാമ്പിന്‍ കാവും, അമ്പലപുരയും, രക്ഷസ്സിന്റെ തറ മുതലായവയെല്ലാം തല്ലിത്തകര്‍ത്തതായി അറിഞ്ഞു. കാലാന്തരത്തില്‍ അവനായിരുന്നു അതിന്റെ അവകാശി. അതിനാലും, ഞങ്ങള്‍ക്ക് അവിടെ ആരാധനാ സ്വാതന്ത്ര്യം നില നില്‍കാതിരുന്നതിനാലും ഞങ്ങള്‍ അതില്‍ ഇടപെടുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
ഈ പാമ്പിനാളത്തിന്റെ ഒരു ഏകദേശരൂപം വിവരിക്കാം താമസിയാതെ.
പുള്ളുവന്മാര്‍ കളമെഴുതി അതില്‍ കന്യകമാര്‍ ഇരുന്ന് തുള്ളി ആ കളമെല്ലാം മാക്കുന്നതോടെ കളം അവസാനിക്കുന്നു. പുള്ളുവന്‍ പാട്ട് പ്രസിദ്ധമാണല്ലോ കേരളത്തില്‍...
വിശദമായ പാന്‍പിനാള ചരിത്രകഥക്കായി കാത്തിരിക്കുക.
തുടര്‍ന്നെഴുതാം താമസിയാതെ........